റോം: ദിവ്യബലിയിൽ സ്ത്രീകൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അനുമതി കൊടുത്തുകൊണ്ട് സഭാനിയമം ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച ഭേദഗതി ചെയ്തു. എന്നാൽ, സ്ത്രീകളെ പുരോഹിതരാക്കില്ല എന്ന നിലപാട് തുടരും.
സുവിശേഷവായന, അൾത്താര ശുശ്രൂഷ എന്നിവ ചെയ്യാൻ സ്ത്രീകൾക്ക് ഔദ്യോഗിക അനുമതി നൽകിക്കൊണ്ടാണ് നിയമം ഭേദഗതിചെയ്തത്. കേരളത്തിലേതുൾപ്പെടെ പല പള്ളികളിലും സ്ത്രീകൾ ഏതാനും വർഷങ്ങളായി ഈ ശുശ്രൂഷകൾ ചെയ്യുന്നുണ്ട്. ഇതിന് ഔദ്യോഗിക അംഗീകാരമായി എന്നതാണ് ഭേദഗതിയുടെ പ്രത്യേകത.
സഭയ്ക്ക് സ്ത്രീകൾ നൽകുന്ന വിലപ്പെട്ട സംഭാവനയ്ക്കുള്ള അംഗീകാരമാണിതെന്ന് മാർപാപ്പ പറഞ്ഞു. എന്നാൽ, കത്തോലിക്കാസഭ പൗരോഹിത്യവും ഡീക്കൻപദവിയും പുരുഷന്മാർക്കുമാത്രമേ നൽകൂ.
വിവാഹം, മാമോദീസ, ശവസംസ്കാരം എന്നീ ശുശ്രൂഷകളിൽ പുരോഹിതരെപ്പോലെ കാർമികരാകാൻ അനുമതിയുള്ളവരാണ് ഡീക്കന്മാർ. ഈ പദവി സ്ത്രീകൾക്കും നൽകണമെന്നത് വളരെനാളായുള്ള ആവശ്യമാണ്. ഇക്കാര്യം പഠിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച രണ്ടാമത്തെ കമ്മിഷനും എതിർത്താണ് റിപ്പോർട്ട് നൽകിയത്.
ഡീക്കൻപദവി സ്ത്രീകൾക്കു നൽകുന്നതോടെ അവർക്ക് സഭാ ഭരണത്തിലും കൂദാശനിർവഹണത്തിലും കൂടുതൽ പങ്കാളിത്തം ലഭിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. ലോകത്തിന്റെ പലഭാഗങ്ങളിലും സഭ നേരിടുന്ന പുരോഹിതരുടെ കുറവ് പരിഹരിക്കാനും ഇതുകൊണ്ടാവും എന്ന് ഇവർ പറയുന്നു. പുതിയ നിയമഭേദഗതിയോടെ ഡീക്കൻപദവിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം എന്നെന്നേക്കുമായി അടഞ്ഞെന്ന് വത്തിക്കാനിലെ വനിതാ മാസികയുടെ മുൻ പത്രാധിപ ലൂസെറ്റ സ്കരാഫിയ വിലയിരുത്തി.