മോസ്കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ ‘സ്പുട്നിക്-അഞ്ച് ’ വിദേശരാജ്യങ്ങളിൽ വിപണനംചെയ്യുമെന്ന് റഷ്യൻ ആർ.ഡി.ഐ.എഫ്. മോധാവി കിരിൽ ഡിമിട്രി അറിയിച്ചു. വാക്സിന് ഇതിനോടകം 20 രാജ്യങ്ങളിൽനിന്നായി 100 കോടിയുടെ ഓർഡറുകൾ ലഭിച്ചതായും അന്താരാഷ്ട്ര കരാറുകളിലൂടെയാകും വിപണനമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, വാക്സിന് താത്‌കാലികാനുമതി നൽകുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചുവരുകയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വ്യക്തമാക്കി. റഷ്യൻ ആരോഗ്യ അധികൃതരുമായി വിഷയത്തിൽ ചർച്ചകൾ നടന്നുവരുന്നതായും സംഘടന അറിയിച്ചു. എന്നാൽ, താത്‌കാലിക അനുമതി നൽകുന്നതിനും കർശനമായ സുരക്ഷാപരിശോധനകളും പഠനങ്ങളും ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ. വക്താവ് താരിഖ് ജസാറെവിക് അറിയിച്ചു.

വൻതോതിലുള്ള വാക്സിൻ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് റഷ്യ അറിയിച്ചു. പരീക്ഷണത്തിൽ ഏറ്റവുംകൂടുതൽ സമയമെടുക്കുന്നതും മനുഷ്യരിലെ പരീക്ഷണഘട്ടവുമായ മൂന്നാംഘട്ടം മരുന്നിന്റെ ഉത്പാദനത്തിന് സമാന്തരമായി ബ്രസീൽ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നടക്കുമെന്നും അധികൃതർ അറിയിച്ചു. റഷ്യയിൽ ഡോക്ടർമാരും അധ്യാപകരുമാകും വാക്സിൻ ആദ്യം സ്വീകരിക്കുക. മെഡിക്കൽമേഖലയിലുള്ളവർക്ക് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി വാക്സിൻ ലഭ്യമാക്കും. 2021 ജനുവരിയോടെ വാക്സിൻ പൊതു ഉപയോഗത്തിൽ വരും.

ജൂൺ 18-നാണ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ ആരംഭിച്ചത്. 38 പേരിലാണ് പരീക്ഷണങ്ങൾ നടന്നത്. ഇവരിലെല്ലാവരിലും പ്രതിരോധശേഷി രൂപപ്പെട്ടു. ഇതിലെ ആദ്യവിഭാഗം ജൂലായ് 15-നും രണ്ടാമത്തെ വിഭാഗം ജൂലായ് 20-നും ആശുപത്രി വിട്ടു.

‘സ്പുട്നിക്’ ശീതയുദ്ധത്തിന്റെ ഒാർമ

ശീതയുദ്ധകാലത്തെ ബഹിരാകാശമത്സരത്തിന്റെ ഓർമയിലാണ് വാക്സിന് സ്പുട്‌നിക് എന്ന് പേരുനൽകിയത്.