യുണൈറ്റഡ് നേഷൻസ്: 160 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം തകർത്ത ലെബനനിലേക്ക് കൂടുതൽ മരുന്നും അവശ്യവസ്തുക്കളും അയക്കുമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ലെബനന്റെ തുറമുഖ നഗരമായ ബയ്റുത്തിലുണ്ടായ സ്ഫോടനം നടുക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കായുള്ള അവശ്യമരുന്നുകൾ ലെബനനിലേക്ക് അയച്ചെന്നും ദുരിതബാധിതർക്ക് സഹായത്തിനായി കൂടുതൽ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെെടയുള്ള അവശ്യവസ്തുക്കൾ ഉടൻ അയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ലെബനൻസർക്കാരുമായി ചർച്ച നടത്തിയെന്നും തിരുമൂർത്തി പറഞ്ഞു.
ലെബനനുമായി വളരെ നല്ലബന്ധമാണ് ഇന്ത്യ പുലർത്തിവരുന്നത്. പ്രതിസന്ധിഘട്ടത്തിൽ ആ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജനരോഷം: ലെബനൻസർക്കാർ രാജിവെച്ചു
ബയ്‌റുത്ത് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ശക്തമായ ജനരോഷത്തെത്തുടർന്ന് ലെബനൻസർക്കാർ രാജിവെച്ചു. അഴിമതി രാജ്യത്തെക്കാൾ വളർന്നെന്നുപറഞ്ഞുകൊണ്ട് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഹസ്സൻ ദിയാബ് രാജിക്കാര്യം ടെലിവിഷനിലൂടെ അറിയിച്ചത്. നീതിന്യായം, പരിസ്ഥിതി, വാർത്താവിതരണം തുടങ്ങി പ്രധാന വകുപ്പുകളുടെ മന്ത്രിമാർ കഴിഞ്ഞദിവസങ്ങളിലായി രാജിവെച്ചിരുന്നു.
സ്ഫോടനത്തിനുശേഷം രണ്ടുമാസത്തോളം അധികാരത്തിൽ തുടരാനും പാർലമെന്ററി തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടത്താനും ദിയാബ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മന്ത്രിസഭയിൽനിന്നുൾപ്പെടെ ശക്തമായ സമ്മർദം രാജിക്ക് വഴിയൊരുക്കുകയായിരുന്നു.