ആന്റിഗ ആൻഡ് ബാർബുഡ: അഗ്നിപർവതസ്ഫോടനത്തെത്തുടർന്ന് കരീബിയൻ ദ്വീപായ സെയ്‌ന്റ് വിൻസെൻറ് കറുത്ത ചാരത്തിലും പുകയിലും മൂടി. പതിറ്റാണ്ടുകളോളം നിർജീവമായിക്കിടന്ന ലാ സൗഫ്രിറേ അഗ്നിപർവതമാണ്‌ വെള്ളിയാഴ്ച പൊട്ടിത്തെറിച്ചത്. രാവിലെയും രാത്രിയുമായി രണ്ടുതവണ പൊട്ടിത്തെറിയുണ്ടായി. 20,000 അടി ഉയരത്തിലും 175 കിലോമീറ്ററോളം വ്യാപ്തിയിലും പൊടിയും ചാരവുംകൊണ്ട് നിറഞ്ഞു. അയൽദ്വീപായ ബാർബഡോസും ചാരത്താൽ മൂടപ്പെട്ടു. സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷമാകെ സൾഫറിന്റെ ദുർഗന്ധമാണ്. റോഡുകൾ, വീടുകൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം ചാരത്താൽ പൊതിഞ്ഞു.

1,10,000-ത്തിലധികം ആളുകളാണ് ദ്വീപിൽ താമസിക്കുന്നത്. 16,000 ത്തോളം പേരെ മാറ്റിപാർപ്പിച്ചു. 3000 പേരെ താത്‌കാലിക ക്യാമ്പുകളിലേക്ക് മാറ്റിയതായി പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസ് പറഞ്ഞു.

1,235 മീറ്റർ ഉയരമുള്ള ലാ സൗഫ്രിറേ സെയ്‌ന്റ് വിൻസെന്റ് ദ്വീപിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവസാനമായി പൊട്ടിത്തെറിച്ചത് 1979-ലാണ്. 1902-ലുണ്ടായ സ്ഫോടനത്തിൽ 1000പേർ മരിച്ചിരുന്നു.