ബെയ്ജിങ്: കോവിഡിനെതിരായ പോരാട്ടത്തിൽ വേറിട്ട പരീക്ഷണവുമായി ചൈന. താരതമ്യേന ഗുണം കുറഞ്ഞ കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താൻ വിവിധ വാക്സിനുകൾ പരസ്പരം കൂട്ടിക്കലർത്തി പരീക്ഷണം നടത്താൻ ആലോചിക്കുന്നതായി രാജ്യത്തെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മേധാവി ഗാവോ ഫു പറഞ്ഞു. ഇതാദ്യമായാണ് ചൈനയിലെ ആരോഗ്യമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാക്സിനുകളുടെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത്. കഴിഞ്ഞവർഷം പ്രതിരോധ കുത്തിവെപ്പുകൾ ആരംഭിച്ചതുമുതൽ ചൈന ഇതുവരെ 16.1 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. കൂടാതെ മറ്റുരാജ്യങ്ങളിലേക്കും ചൈന വാക്സിനുകൾ കയറ്റി അയക്കുന്നുണ്ട്.