ജറുസലേം: കഴിഞ്ഞയാഴ്ച വീട്ടുതടങ്കലിലായ ശേഷം ആദ്യമായി ജോർദാൻ രാജകുമാരൻ ഹംസ ഞായറാഴ്ച പൊതുവേദിയിലെത്തി. രാജകുടുംബത്തിലെ ഭിന്നതകൾ പരിഹരിച്ചെന്നതിന്റെ സൂചന നൽകിക്കൊണ്ട് അർധസഹോദരൻ കൂടിയായ അബ്ദുള്ള രാജാവിനൊപ്പമാണ് ഹംസ പൊതുവേദിയിലെത്തിയത്. അതേസമയം, കഴിഞ്ഞയാഴ്ച വീട്ടുതടങ്കലിലേക്ക് നയിച്ച പ്രശ്നങ്ങളിൽ ഇരുവരും സമവായത്തിലെത്തിയോയെന്ന് വ്യക്തമല്ല.

എമിറേറ്റ്സ് ഓഫ് ട്രാൻസ്ജോർദാന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച ചടങ്ങിലാണ് കിരീടാവകാശി ഹുസെയ്ൻ രാജകുമാരനും രാജകുടുംബത്തിലെ മറ്റംഗങ്ങൾക്കുമൊപ്പം ഹംസ പങ്കെടുത്തത്. ഇവരൊരുമിച്ച് അമ്മാനിലെ തലാൽ രാജാവിന്റെ കല്ലറ സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും രാജകുടുംബം പുറത്തുവിട്ടു. രാജകുടുംബത്തെ ഭീഷണിയിലാക്കുന്ന തരത്തിൽ അട്ടിമറിക്കു ശ്രമിച്ചെന്നാരോപിച്ച് ഏപ്രിൽ മൂന്നിനാണ് ഹംസയെ വീട്ടുതടങ്കലിലാക്കുന്നത്.