ജനീവ: ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ സമ്പന്ന രാജ്യങ്ങൾക്ക് ആവശ്യമില്ലെങ്കിൽ അത് ദരിദ്ര രാജ്യങ്ങൾക്ക് നൽകണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) ആവശ്യപ്പെട്ടു. വാക്സിൻ എടുത്ത ഏതാനും പേരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ സ്ഥിരീകരിച്ചതിനാൽ ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ആസ്ട്രസെനെക്ക വാക്സിൻ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഈ രാജ്യങ്ങൾ വലിയ അളവിൽ വാക്സിൻ ശേഖരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അവ ദരിദ്രരാജ്യങ്ങൾക്ക് നൽകാൻ ഡബ്ല്യു.എച്ച്.ഒ.യുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങൾ കടുത്ത വാക്സിൻ ക്ഷാമം നേരിടുകയാണ്. ആരോഗ്യപ്രവത്തകർക്കുപോലും വാക്സിൻ ലഭ്യത ഉറപ്പാക്കാനാവുന്നില്ല. കോവിഡ് വ്യാപകമായി പടരുന്നതിനാൽ അവർക്ക് വാക്സിൻ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു. വികസിത രാജ്യങ്ങളിൽ ശരാശരി നാലിൽ ഒരാൾക്ക് വാക്സിൻ ലഭിക്കുമ്പോൾ ദരിദ്രരാജ്യങ്ങളിൽ ഇത് 500-ന് ഒന്ന് എന്ന തോതിലാണ്. വാക്സിൻ വിതരണത്തിൽ വലിയ അസന്തുലിതാവസ്ഥയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആസ്ട്രസെനെക്ക വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന വാദം ഡബ്ല്യു.എച്ച്.ഒ. തള്ളി.