വാഷിങ്ടൺ: സിറിയൻ എണ്ണമേഖലയെ ലക്ഷ്യംവെച്ച് അമേരിക്കയുടെ പുതിയ ഉപരോധം. ട്രഷറി ഡിപ്പാർട്ട്‌മെന്റും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് ഉപരോധം ഏർപ്പെടുത്തിയത്. യുദ്ധത്തിൽ തകർന്ന റഖ പ്രവിശ്യയിലെ അർഫാദ പെട്രോളിയം പ്രൈവറ്റ് ജോയന്റ് സ്റ്റോക്ക് കമ്പനി, സാല്ലിസ്സർ ഷിപ്പിങ് എന്നിവയുൾപ്പെടെ സ്ഥാപനങ്ങളും വ്യക്തികളുമടങ്ങുന്ന 19 ഇനങ്ങൾക്കാണ് അമേരിക്കയുടെ ഉപരോധം.

സിറിയൻ വ്യോമസേനാ രഹസ്യവിഭാഗം തലവൻ ജനറൽ ഗസ്സൻ ജൗദത്ത് ഇസ്മായിൽ, രാഷ്ട്രീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി ജനറൽ അൽ-അലി എന്നിവരും ഉപരോധം ഏർപ്പെടുത്തിയവരിൽ ഉൾപ്പെടും. പത്തുവർഷത്തോളമായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഇനിയും ശക്തമായ ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ടതായി വരുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.