കാഠ്മണ്ഡു: ഭരണകക്ഷികൾ തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായ നേപ്പാളിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് പാർലമെന്റിൽ വിശ്വാസവോട്ട് നേടാനായില്ല. ഇതോടെ അദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഔദ്യോഗികമായി പുറത്തായി. തിങ്കളാഴ്ച വൈകീട്ടാണ് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി ജനപ്രതിനിധിസഭയുടെ പ്രത്യേകസമ്മേളനം വോട്ടെടുപ്പിനായി വിളിച്ചുചേർത്തത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ പുഷ്പകമൽദഹൽ പ്രചണ്ഡവിഭാഗം സഖ്യസർക്കാരിന് പിന്തുണ പിൻവലിച്ചതോടെ ഒലി വിഭാഗം ന്യൂനപക്ഷമായിരുന്നു. 276 അംഗ സഭയിൽ 93 വോട്ടുകളേ ഒലിക്ക് ലഭിച്ചുള്ളൂ. 136 വോട്ടുകളാണ് വിശ്വാസവോട്ട് നേടാൻ വേണ്ടിയിരുന്നത്. 124 പേർ ഒലിക്കെതിരായും 15 പേർ നിഷ്പക്ഷമായും വോട്ടുചെയ്തു. ചിലർ വിട്ടുനിന്നു.

പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന് 61 അംഗങ്ങളും പ്രചണ്ഡ വിഭാഗത്തിന് 49 അംഗങ്ങളുമാണ് പാർലമെന്റിലുള്ളത്. ഒലി പുറത്തായതോടെ ഭരണഘടനാനടപടികൾപ്രകാരം പുതിയ സഖ്യസർക്കാർ അധികാരത്തിൽവരും. പ്രതിപക്ഷവുമായി ചേർന്ന് പ്രചണ്ഡവിഭാഗം സർക്കാരുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.