മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയെ ചികിത്സിച്ച സൈബീരിയൻ ഡോക്ടർ അലക്സാണ്ടർ മുറഖോവ്‌സ്കി മൂന്നുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ തിരിച്ചെത്തി. സൈബീരിയൻ നഗരമായ ഓംസ്കിലെ ആശുപത്രിയുടെ മേധാവിയായിരുന്ന മുറഖോവ്‌സ്കിയെ വെള്ളിയാഴ്ചയാണ് കാണാതായത്. മോസ്കോയിൽനിന്ന് 2200 കിലോമീറ്റർ കിഴക്ക് ഓംസ്ക് വനമേഖലയിലാണ് അദ്ദേഹത്തെ കാണാതായത്.

മൂന്നുദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച അദ്ദേഹം വനത്തിൽനിന്ന് സ്വയം തിരികെവന്ന് ബാസ്ലി ഗ്രാമത്തിലുള്ളവരുമായി ബന്ധപ്പെടുകയായിരുന്നെന്നാണ് വിവരം. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കുഴപ്പങ്ങളില്ലെന്ന് റഷ്യൻ വാർത്താഏജൻസി റിപ്പോർട്ടുചെയ്തു. വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നവൽനിയെ ഓംസ്കിലെ ആശുപത്രിയിൽ ചികിത്സിച്ചത് മുറഖോവ്‌സ്കിയായിരുന്നു. പിന്നീടാണ് അദ്ദേഹത്തെ ജർമനിയിലേക്ക് മാറ്റിയത്.