കാബൂൾ: അഫ്ഗാനിസ്താനിൽ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളിൽ 15 പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. കാബൂളിലെ പർവാൻ പ്രവിശ്യയിലുള്ള സാബൂളിലാണ് ഞായറാഴ്ച രാത്രി സ്ഫോടനം. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ 13 പേർ മരിച്ചു. 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതുവഴി യാത്രക്കാരുമായി കടന്നുപോയ ബസ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

തിങ്കളാഴ്ച പർവാൻ പ്രവിശ്യയിലെ പുലെ മതകിലുണ്ടായ സമാനമായ മറ്റൊരു സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങൾക്കുപിന്നിൽ താലിബാനാണെന്നാണ് കരുതുന്നത്. ശനിയാഴ്ച സ്കൂൾ കവാടത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ചെത്തിയ വാഹനങ്ങൾ പൊട്ടിത്തെറിച്ച് കുട്ടികളടക്കം 60-ലേറെപ്പേർ മരിച്ചതിന്റെ മുറിവുണങ്ങുംമുമ്പാണ് വീണ്ടും ആക്രമണം.

താത്കാലിക വെടിനിർത്തലിന് സൈന്യവും താലിബാനും ധാരണയിൽ

ഈദുൽ ഫിത്തർ പ്രമാണിച്ച് അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും മൂന്നുദിവസത്തേക്ക് താത്കാലിക വെടിനിർത്തലിന് ധാരണയായി. യു.എസ്. സേന രാജ്യംവിടാനാരംഭിച്ചതിനു പിന്നാലെ അഫ്ഗാനിൽ ആക്രമണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ധാരണ. പെരുന്നാൾ പോലുള്ള സന്ദർഭങ്ങളിൽ സൈന്യവും താലിബാനും തമ്മിൽ മുമ്പും വെടിനിർത്താൻ ധാരണയുണ്ടാക്കിയിട്ടുണ്ട്.