വാഷിങ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടയിലേക്ക് അതിക്രമിച്ചുകയറി ഒരാൾ ആറുപേരെ വെടിവെച്ചുകൊന്നു. ഞായറാഴ്ച അർധരാത്രി കഴിഞ്ഞ് കൊളറാഡോ സ്പ്രിങ് എന്ന സ്ഥലത്താണ് സംഭവം. അക്രമി വെടിവെപ്പിൽ മരിച്ച യുവതിയുടെ ആൺസുഹൃത്താണെന്നാണ് വിവരം. ആക്രമണത്തിനു പിന്നാലെ ഇയാളും സ്വയം വെടിയുതിർത്ത് മരിച്ചു. കുടുംബാംഗങ്ങൾ സംഘടിപ്പിച്ച ആഘോഷത്തിനിടയിലേക്ക് അക്രമി കടന്നുവരുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണകാരണം എന്തെന്ന് അന്വേഷിച്ചുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.