ദുബായ്: ഇന്ത്യയ്ക്ക് പുറമെ കൂടുതൽ രാജ്യങ്ങൾക്ക് യു.എ.ഇ. പ്രവേശനവിലക്കേർപ്പെടുത്തി. കോവിഡ് സുരക്ഷാനിയന്ത്രണങ്ങളുടെ ഭാഗമായി നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് പുതുതായി യു.എ.ഇ. പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങൾവഴി യു.എ.ഇ.യിലേക്ക് വരാനിരുന്ന നിരവധി പ്രവാസികൾക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.

അതേസമയം, കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്. ട്രാൻസിറ്റ് വിമാനങ്ങൾക്കും നിയന്ത്രണമുണ്ട്. എന്നാൽ കാർഗോവിമാനങ്ങൾക്ക് തടസ്സമില്ലാതെ രാജ്യത്തേക്ക്‌ പ്രവേശിക്കാം.

യു.എ.ഇ. സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ, വ്യാവസായികൾ എന്നിവർക്കും വിലക്ക് ബാധകമല്ല. ഇവർ യു.എ.ഇ.യിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. രാജ്യത്തെത്തിയശേഷം വീണ്ടും പരിശോധന നടത്തുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.