നായ്പിഡോ: മ്യാൻമാറിൽ സൈനിക വിമാനം തകർന്നുവീണ് ബുദ്ധ സന്യാസിയുൾപ്പടെ 12 പേർമരിച്ചു. വ്യാഴാഴ്ച രാജ്യതലസ്ഥാനമായ നായ്പിഡോയിൽനിന്ന് മെയ്മിയോ എന്നും അറിയപ്പെടുന്ന പൈൻ ഓ എൽവിനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. പൈൻമാനയിലെ സായ് കോൺ മഠാധിപതിയാണ് മരിച്ചത്. ജനാധിപത്യനേതാവ് ആങ് സാൻ സ്യൂചിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അധികാരംപിടിച്ച ശേഷം ജനറൽ മിൻ ആങ് ഹ്‌ലെയിങ് ആദ്യം കാണാൻപോയത് അദ്ദേഹത്തെയായിരുന്നെന്നാണ് റിപ്പോർട്ട്. അതേസമയം, അപകടത്തിൽ പെട്ട രണ്ടുപേർ രക്ഷപ്പെട്ടിട്ടുണ്ട്. അനീസാഖാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നും മോശം കാലവസ്ഥയാണ് അപകടകാരണമെന്നും അധികൃതർ പറഞ്ഞു. രണ്ട് സന്യാസിമാരും ആറ്് ഭക്തർക്കും ആറ്് സൈനിക ഉദ്യോഗസ്ഥരുമടക്കം 14 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മെയ്മിയോയിൽ പുതിയ സന്യാസിമഠത്തിന് അടിത്തറയിടുന്ന ചടങ്ങിന് പോകുകയായിരുന്നു ഇവർ.