ഹോങ്‌കോങ്: ഹോങ്‌കോങ്ങിൽ ജനാധിപത്യാനുകൂലിയായ മാധ്യമവ്യവസായി ജിമ്മി ലായിയെ തിങ്കളാഴ്ച അറസ്റ്റുചെയ്തു. വിദേശ ശക്തികളുമായി രഹസ്യധാരണയുണ്ടാക്കിയെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. അറസ്റ്റിനുപിന്നാലെ 200 പോലീസുകാരടങ്ങുന്ന സംഘം ലായിയുടെ ഉടമസ്ഥതയിലുള്ള നെക്‌സ്റ്റ് ഡിജിറ്റൽ ഗ്രൂപ്പ് ആസ്ഥാനം റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തു.
നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി 23-നും 72-നും ഇടയിൽ പ്രായമുള്ള ഒമ്പതുപേരെ അറസ്റ്റുചെയ്തതായും ഹോങ്‌കോങ് പോലീസ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തുന്ന പത്രമാണ് നെക്‌സ്റ്റ് ഡിജിറ്റൽ ഗ്രൂപ്പിന്റെ ഭാഗമായ ആപ്പിൾ ഡെയ്‌ലി. ദേശീയ സുരക്ഷാ നിമയത്തെ വിമർശിച്ചുകൊണ്ട് ലായി ട്വീറ്റ് ചെയ്യുകയും നിയമം നടപ്പാക്കുന്നതിനെതിരേ പത്രത്തിൽ ലേഖനമെഴുതുകയും ചെയ്തിരുന്നു.
ഹോങ്‌കോങ്ങിൽ ദേശീയ സുരക്ഷാനിയമം ഏർപ്പെടുത്തിയതുമുതൽ എതിർശബ്ദങ്ങൾ അടിച്ചമർത്താനുള്ള നീക്കങ്ങളാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹോങ്‌കോങ്ങിനുമേൽ കഴിഞ്ഞ ദിവസങ്ങളിൽ യു.എസ്. കൊണ്ടുവന്ന ഉപരോധങ്ങൾക്കുള്ള മറുപടികൂടിയായാണ് ചൈന നടപടിയെ കാണുന്നത്.
11 യു.എസ്. നേതാക്കൾക്കെതിരേ ചൈനയുടെ ഉപരോധം
ബെയ്ജിങ്: യു.എസ്. സെനറ്റർമാരായ മാർക്കോ റൂബിയോ, ടെഡ് ക്രൂസ് എന്നിവരുൾപ്പടെ 11 രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ ചൈന ഉപരോധം ഏർപ്പെടുത്തി. ഹോങ്‌കോങ് വിഷയത്തിൽ വേണ്ടവിധം പ്രവർത്തിച്ചില്ല എന്ന കാരണം കാണിച്ചാണ് ഉപരോധം.
സെനറ്റർമാരായ ജോഷ് ഹൗളി, ടോം കോട്ടൺ, പ്രതിനിധി ക്രിസ് സ്മിത്ത്, നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെമോക്രസി, ഫ്രീഡം ഹൗസ് തുടങ്ങി സ്ഥാപന മേധാവികളും ഉപരോധമേർപ്പെടുത്തിയവരിൽ ഉൾപ്പെടും.
കഴിഞ്ഞ ദിവസങ്ങളിലായി 11 ഹോങ്‌കോങ് ഉദ്യോഗസ്ഥർക്കെതിരേ യു.എസ്. ഉപരോധം കൊണ്ടുവന്നിരുന്നു. തിരിച്ചുള്ള ഉപരോധത്തിലൂടെ അതിനെതിരേ അതേനാണയത്തിൽ ചൈന മറുപടി കൊടുത്തിരിക്കയാണ്