ഇസ്‌ലാമാബാദ്: പാർക്ക് ലെയിൻ അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കറാച്ചിയിലെ ബിലാവൽ ഹൗസിൽനിന്ന് വീഡിയോ ലിങ്ക് വഴി സർദാരി കോടതിയിൽ ഹാജരായി. ജഡ്ജി മുഹമ്മദ് ആസം ഖാനാണ് കേസ് വാദംകേട്ടത്. കേസിൽ താൻ കുറ്റക്കാരനല്ലെന്ന് സർദാരി പറഞ്ഞു.
സുപ്രീംകോടതിയിൽ അഭിഭാഷകരുടെ അഭാവത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്ന സർദാരിയുടെ അപേക്ഷ കോടതി നിരസിച്ചു. സർദാരിക്കെതിരേ കേസെടുക്കുമെന്നും കോടതിയിൽ ഹാജരായില്ലെങ്കിൽ അഭിഭാഷകരെ ഹാജരാക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രസിഡന്റായിരിക്കേ പാർഥെനോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ മറയാക്കി 150 കോടി രൂപ സ്വാധീനം ഉപയോഗിച്ചു വായ്പയായി നേടിയെന്നും ഇത് വ്യാജ അക്കൗണ്ടുകൾവഴി സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നുമാണ് 13 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നത്.
വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെ സർദാരി ഖജനാവിന് 377 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി.) ആരോപിച്ചു.