ലണ്ടൻ: വെള്ളിയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ ഫിലിപ്പ് രാജകുമാരന് (99) ലോകനേതാക്കൾ യാത്രാമൊഴി നൽകി. ശനിയാഴ്ച രാവിലെ പ്രാദേശികസമയം ഏഴുമണിക്ക് ഇംഗ്ലണ്ട്, വെയ്‌ൽസ്, അയർലൻഡ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ ബ്രിട്ടീഷ് സേനയുടെ ഭാഗമായ ‘ദ കിങ്സ് ട്രൂപ്പ് റോയൽ ഹോഴ്സ് ആർട്ടിലെറി’

ആചാരവെടി മുഴക്കി അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു. സംസ്കാരസമയം കൊട്ടാരം പിന്നീട് അറിയിക്കും.

ഉജ്ജ്വലവ്യക്തിത്വത്തിനുടമയായിരുന്നു ഫിലിപ്പെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വിവാഹജീവിതത്തോടും കുടുംബത്തോടും സമർപ്പണമുള്ള വ്യക്തിത്വമായിരുന്നു ഫിലിപ്പെന്നും രാജവംശത്തിലെ പുതുതലമുറകളുടെ വിഭ്യാഭ്യാസത്തിനും മുന്നേറ്റത്തിനും അദ്ദേഹം പ്രാധാന്യം നൽകിയെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഫിലിപ്പ് എന്നും ഓർമിക്കപ്പെടുമെന്ന് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ രാജ്ഞിക്കും ചാൾസ് രാജകുമാരനും കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കോമൺവെൽത്ത് രാജ്യതലവന്മാർ, ചൈനീസ് പ്രസിഡൻറ്്‌ ഷി ജിൻ പിങ്, സ്പെയിൻ രാജാവ് ഫെലിപ്, രാജ്ഞി ലെതിസിയ, സ്വീഡിഷ് രാജാവ് കാൾ ഗുസ്താഫ്, ഡച്ച് രാജകുടുംബം, ബെൽജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മെറ്റിൽഡ, മുൻ യു.എസ്. പ്രസിഡന്റുമാർ, അറേബ്യൻ രാഷ്ട്രത്തലവന്മാർ, അന്താരാഷ്ട്ര സംഘടനാനേതാക്കൾ തുടങ്ങിയവരും ആദരാഞ്ജലിയർപ്പിച്ചു.

ഇതോടെ എട്ടുദിവസം നീണ്ട ദേശീയദുഃഖാചരണം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ വിവാഹം, മരണം തുടങ്ങി ദേശീയപ്രാധാന്യമുള്ള സംഭവങ്ങളുണ്ടാകുമ്പോൾ 41 തവണ വെടിമുഴക്കുന്നത് 18-ാം നൂറ്റാണ്ടുമുതലുള്ള ആചാരമാണ്.