വാഷിങ്ടൺ: ചൊവ്വാഗ്രഹത്തിൽ പറക്കാനാവുമോ എന്നറിയാൻ നാസയുടെ ഇൻജെന്യൂറ്റി ഹെലികോപ്റ്റർ ഞായറാഴ്ച പരീക്ഷണം നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് മൂന്നുമീറ്റർ കുത്തനെ പറക്കുന്ന കോപ്റ്റർ 30 സെക്കൻഡിനുശേഷം തിരിച്ച് നിലംതൊടും. വിജയിച്ചാൽ ഒരുഗ്രഹത്തിൽനിന്ന് നിയന്ത്രിച്ച് മറ്റൊരു ഗ്രഹത്തിൽ പറപ്പിക്കുന്ന ആദ്യ ഹെലികോപ്റ്ററെന്ന ചരിത്രം ഇൻജെന്യൂറ്റി കുറിക്കും.

സിഗ്നലുകളെത്താൻ വൈകുമെന്നതിനാൽ, തിങ്കളാഴ്ചയേ കോപ്റ്റർ ചൊവ്വയിൽ അതിജീവിച്ചോയെന്ന് നാസയ്ക്കു സ്ഥിരീകരിക്കാനാവൂ. 1903-ൽ ഭൂമിയിലാദ്യമായി റൈറ്റ് സഹോദരന്മാർ വിമാനം പറത്തിയ അതേ കൗതുകവും ഗൗരവവുമാണ് ചൊവ്വയിലെ ആദ്യ പറക്കലിനുമുള്ളതെന്ന് ദൗത്യതലവൻ ടിം കൻഹാം പറഞ്ഞു. കോപ്റ്റർ പൂർണസജ്ജമാണ്. ചൊവ്വയിലും വിമാനം പറക്കുമോയെന്ന ഏറ്റവും അടിസ്ഥാനമായ ചോദ്യത്തിൽനിന്നാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് കടന്നതെന്നും സംഘം പറഞ്ഞു.

ഇൻഫോ-കോപ്റ്ററിന്റെ ഭാരം -1.8 കിലോഗ്രാം

പരീക്ഷണം തുടങ്ങുന്നത് -ഞായറാഴ്ച രാത്രി 10.54-ന് (യു.എസ്. സമയം)

പുറപ്പെടുക -ചൊവ്വയിലെ ജസേറോ കാർട്ടറിൽ

പറക്കുക -മൂന്നുമീറ്റർ

സമയം -30 സെക്കൻഡ്

* കോപ്റ്റർ ചൊവ്വയിലെത്തിച്ചത് -ഫെബ്രുവരി 18-ന് ചൊവ്വയുടെ ജസേറോ കാർട്ടറിൽ ഇറങ്ങിയ നാസയുടെ ചൊവ്വാ ദൗത്യപേടകമായ പെഴ്‌സിവെറൻസിലാണ് കോപ്റ്റർ ഘടിപ്പിച്ചിരിക്കുന്നത്. ആഴ്ചകൾക്കുശേഷം റോവർ ഇൻജെന്യൂറ്റിയെ ചൊവ്വാ ‘വ്യോമപരിധി’യിലെത്തിച്ചു.

* വെല്ലുവിളി -ഭൂമിയെക്കാൾ മൂന്നിലൊന്നുമാത്രം ഗുരുത്വാകർഷണബലവും ഭൂമിയുടെ ഒരുശതമാനം മാത്രം സാന്ദ്രതയുമുള്ള ചൊവ്വയിൽ പ്രതീക്ഷിച്ചപോലെ കോപ്റ്റർ നിയന്ത്രിക്കാനാവണമെന്നില്ല. ചൊവ്വയുടേത് പരുപരുത്ത ഉപരിതലവുമാണ്.

* ശേഷി -31 ദിവസത്തെ ദൗത്യത്തിനുള്ള സജ്ജീകരണങ്ങളാണ് കോപ്റ്ററിലുള്ളത്.