കാബൂൾ: കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ കീഴടങ്ങിയ നൂറുകണക്കിന് ഇസ്‍‍ലാമിക് സ്റ്റേറ്റ് ഭീകരരിൽ പത്ത് ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് അഫ്ഗാനിസ്താൻ. ഇതിലേറെപ്പേരും മലയാളികളാണെന്ന് സൂചനയുണ്ടെന്നും അഫ്ഗാനിസ്താൻ പത്രമായ അഫ്ഗാൻ ടൈംസ് റിപ്പോർട്ടുചെയ്തു. ഇവരെ കാബൂളിലേക്ക് മാറ്റിയതായാണ് വിവരം.

കീഴടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ ദേശീയ സുരക്ഷാ ഡയറക്ടറേറ്റിന്റെ (എൻ.ഡി.എസ്.) പ്രത്യേകസംഘം ശേഖരിക്കുന്നുണ്ട്. നടപടി പൂർത്തിയാകുന്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കാബൂളിലെ എൻ.ഡി.എസിന്റെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയിൽ ഐ.എസ്. ഭീകരരും അവരുടെ കുടുംബാംഗങ്ങളുമായ തൊള്ളായിരത്തിലേറെപ്പേരാണ് അഫ്ഗാൻ സൈന്യത്തിനുമുന്നിൽ കീഴടങ്ങിയത്. ഇതിലേറെയും പാക് പൗരന്മാരാണ്.

നവംബർ 12-ന് ഐ.എസ്. കേന്ദ്രങ്ങൾക്കുനേരെ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 93 ഭീകരർ ആയുധം അടിയറവുവെച്ച്‌ കീഴടങ്ങിയതായും അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

content highlights: 10 Indians among 900 ISIS affiliates surrendering in Afghanistan