ലണ്ടൻ: മനുഷ്യന് 150 വയസ്സുവരെ ജീവിച്ചിരിക്കാനാകുമെന്ന സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗിറോ ബയോടെക് കമ്പനിയിലെ ഗവേഷകരുടെ പഠനമാണിപ്പോൾ വലിയ ചർച്ച. റഷ്യ, യു.എസ്. എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരുടെ സഹായത്തോടെയായിരുന്നു പഠനം. ഇതിനായി 85 വയസ്സുവരെ പ്രായമുള്ള 70,000 സന്നദ്ധപ്രവർത്തകരുടെ രക്തസാംപിളുകൾ ശേഖരിച്ചു. നിർമിതബുദ്ധി ഉപയോഗിച്ച് ആരോഗ്യവും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങളും രക്തസാംപിളുകളും വിശകലനംചെയ്തു.

രക്താണുക്കളുടെ എണ്ണത്തിൽ ചെറിയ കാലയളവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച ഗവേഷകർ ഓരോരുത്തരുടെയും പരമാവധി ആയുർദൈർഘ്യം കണ്ടെത്തി. ആർക്കൊക്കെയാകും വാർധക്യജനകമായ അസുഖങ്ങൾ ബാധിക്കുകയെന്നും കണ്ടെത്തി. തുടർന്നാണ് 150 വയസ്സ് എന്നതിലെത്തിയത്. പഠനം നാച്വർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാൽ, 150 വയസ്സുവരെ ജീവിക്കുന്ന മനുഷ്യൻ എന്നത് അടുത്ത കാലത്തൊന്നും സാധ്യമല്ലെന്ന് ബ്രിങ്ടൺ സർവകലാശാലയിലെ പ്രൊഫസർ റിച്ചാർഡ് ഫാരങ്ങർ പറയുന്നത്. മികച്ച ജീനുകളാണ് കൂടുതൽ കാലം ജീവിക്കാൻ ആവശ്യമായ ഘടകങ്ങളിലൊന്ന്. നൂറോളം വർഷം ജീവിക്കാൻ ഇതു സഹായിക്കും. മികച്ച ആഹാരക്രമം, വ്യായാമമുറകൾ എന്നിവ 15 വർഷത്തോളം ആയുസ്സിലേക്ക് കൂട്ടിച്ചേർക്കും. എന്നാൽ ജീവശാസ്ത്രത്തിലെ ആയുസ്സ് വർധിപ്പിക്കാനുള്ള അറിവുകൾ പൂർണതയിലെത്താതെ വൈദ്യശാസ്ത്രത്തിലൂടെ പരമാവധി ആയുസ്സ് 150-ലെത്തിക്കുക സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽ. അടുത്ത മൂന്ന് നൂറ്റാണ്ടുവരെ പഠനത്തിനു പ്രസക്തിയില്ലെന്നും റിച്ചാർഡ് വിശദീകരിക്കുന്നു.

122 വർഷം ജീവിച്ചിരുന്ന ഫ്രഞ്ച് വനിത ജിയെന്നെ കാൽമെറ്റാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി. 2013-ൽ മരിക്കുമ്പോൾ 116 വയസ്സായിരുന്ന ജപ്പാനിൽ നിന്നുള്ള ജിറോമൻ കിമുരയാണ് തൊട്ടു പിന്നിൽ. മനുഷ്യന്റെ ആയുസ്സ് 130 കടന്നതായി ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.