ടോക്കിയോ: നാഗസാക്കി ദിനം ആചരിച്ച് ജപ്പാൻ. രണ്ടാംലോകയുദ്ധത്തിനിടെ 1945 ഓഗസ്റ്റ് ഒമ്പതിന് ജപ്പാൻ നഗരമായ നാഗസാക്കിയിൽ യു.എസ്. യുദ്ധവിമാനം നടത്തിയ അണുബോംബ് ആക്രമണത്തിൽ 70,000 പേരാണ് മരിച്ചത്. മരിച്ചവരോടുള്ള ആദരസൂചകമായി ഒരുമിനിറ്റ്‌ ജനം മൗനം ആചരിച്ചു. ആണവായുധ നിരോധനത്തിനായി ശക്തമായ നടപടികളുണ്ടാവണമെന്ന് നാഗസാക്കി മേയർ ടോമിഹിസ ടോയും ബോംബ് ആക്രമണം അതിജീവിച്ചവരും ലോക നേതാക്കളോട് അഭ്യർഥിച്ചു.

നാഗസാക്കി പീസ് പാർക്കിൽ നടന്ന പരിപാടിയിൽ മേയർ സമാധാന പ്രഖ്യാപനം വായിച്ചു. ആണവരാജ്യങ്ങൾ നിരായുധീകരണ ശ്രമങ്ങളിൽനിന്ന് പിന്മാറുന്നതിലും എളുപ്പത്തിലുള്ള ഉപയോഗത്തിനായി ചെറുആണവായുധങ്ങൾ നിർമിക്കുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.