ബയ്റുത്ത്: തുറമുഖനഗരമായ ബയ്റുത്തിൽ 160-ലധികം പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തെതുടർന്ന് അധികൃതരുടെ അനാസ്ഥക്കെതിരേ ഉയർന്ന ജനരോഷം ലെബനനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്നുകാട്ടി ലെബനൻ വാർത്താവിതരണ വകുപ്പുമന്ത്രി മനാൽ അബ്ദെൽ സമദ് ഞായറാഴ്ച രാജിസമർപ്പിച്ചു. ഒപ്പം 128 അംഗപാർലമെന്റിലെ അഞ്ച് അംഗങ്ങളും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

പരിസ്ഥിതിമന്ത്രിയും രാജിവെക്കുകയാണെന്ന് അഭ്യൂഹം പരന്നതോടെ പ്രധാനമന്ത്രി ഹസൻ ദിയബിന് വലിയവെല്ലുവിളിയാണ് ഉയരുന്നത്. ജനുവരിയിലാണ് ദിയബ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. എത്രയുംവേഗം തിരഞ്ഞെടുപ്പു നടത്തുകമാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള ഏകപ്രതിവിധിയെന്ന് ശനിയാഴ്ച ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധനചെയ്ത ദിയബ് പറഞ്ഞിരുന്നു.

സ്ഫോടനത്തെതുടർന്ന് ഭരണകൂടത്തിന്റെ പിടിപ്പുകേടിനെതിരേ തലസ്ഥാനത്ത് വലിയതോതിലാണ് ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ച മധ്യബയ്റുത്തിൽ പ്രക്ഷോഭകർ ഭരണാധികാരികളുടെ കോലം കത്തിച്ചു. പലയിടത്തും ജനക്കൂട്ടം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും ഉപയോഗിച്ചു. മണിക്കൂറുകൾ നീണ്ട അക്രമങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഒട്ടേറേപേർക്ക് പരിക്കേറ്റു. പലയിടത്തും സർക്കാർ ഓഫീസുകൾ കൈയേറി. ഭരണകർത്താക്കളുടെ അനാസ്ഥ, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണ് തുറമുഖത്തെ വെയർഹൗസിൽ സ്ഫോടനത്തിന് കാരണമായതെന്നാണ് ആരോപണം.

2013 മുതൽ തുറമുഖത്ത് മതിയായ സുരക്ഷയില്ലാതെ സംഭരിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. ഇത്രയധികം അമോണിയം നൈട്രേറ്റ് യാതൊരുസുരക്ഷയുമില്ലാതെ സൂക്ഷിക്കുന്നതിലെ അപകടം പലരും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായില്ല.

അതിനിടെ ലെബനന് സഹായമെത്തിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച ലോകനേതാക്കളുടെ യോഗം വിളിച്ചിരുന്നു.