വാഷിങ്ടൺ: സൈബറാക്രമണത്തെത്തുടർന്ന് യു.എസ്. ഇന്ധന പൈപ്പ്‌ലൈൻ കമ്പനിയായ ‘കൊളോണിയൽ’ പ്രവർത്തനം നിർത്തിവെച്ചു. വെള്ളിയാഴ്ച സൈബറാക്രമണത്തിന് വിധേയമായതായും ഇത് പൈപ്പ്‌ലൈൻ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ കാരണമായതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനിയുടെ ഐ.ടി. സംവിധാനങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ജോർജിയ ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന കൊളോണിയൽ യു.എസിലെ ഏറ്റവുംവലിയ പൈപ്പ് ലൈനാണ്.

അഞ്ചുകോടി ഉപഭോക്താക്കളുള്ള കമ്പനി പ്രതിദിനം 25 ലക്ഷം ബാരൽ പെട്രോൾ, ഡീസൽ, മറ്റു പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ എത്തിച്ചുനൽകുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സൈബർസുരക്ഷാസ്ഥാപനത്തെ നിയമിച്ചതായും സർക്കാർ ഏജൻസികളുമായി ആശയവിനിമയം നടത്തിയതായും കമ്പനി അറിയിച്ചു.