ജറുസലേം: ജറുസലേമിലെ അൽ അഖ്‌സാ മുസ്‌ലിം പള്ളിയിൽ പലസ്തീൻകാരും ഇസ്രയേൽ പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 169 പേർക്ക് പരിക്ക്. 163 പലസ്തീൻകാർക്കും ആറ് ഇസ്രയേൽ പോലീസുകാർക്കുമാണ് പരിക്കേറ്റത്.

കിഴക്കൻ ജറുസലേമിലെ ശൈഖ് ജർറാഹ് ജില്ലയിലെ പലസ്തീനികളെ ജൂതകുടിയേറ്റക്കാർക്കായി ഒഴിപ്പിക്കാനുള്ള ഇസ്രയേലിന്റെ നീക്കമാണ്‌ സംഘർഷങ്ങളിൽ കലാശിച്ചത്.

വെള്ളിയാഴ്ച റമദാൻ പ്രാർഥനകളിൽ പതിനായിരക്കണക്കിനുപേർ പങ്കെടുത്തിരുന്നു. പ്രാർഥനകൾക്കുശേഷം കുടിയൊഴിപ്പിക്കലിനെതിരേ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലസ്തീൻകാർ രംഗത്തെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പോലീസുകാർക്കുനേരെ കല്ലുകളും കുപ്പികളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. റബ്ബർവെടിയുണ്ടകളും ഗ്രനേഡും ഉപയോഗിച്ച് പോലീസുകാർ ഇതിനെ നേരിടുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. 88 പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കിയതായി റെഡ് ക്രസന്റ് അറിയിച്ചു.