ബ്രസൽസ്: 180 കോടി ഡോസ് അധിക വാക്സിന് ഫൈസറുമായി കരാറിൽ ഒപ്പിട്ട് യൂറോപ്യൻ യൂണിയൻ. പോർച്ചുഗലിൽനടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് ധാരണയായത്.

അടുത്ത രണ്ട് വർഷങ്ങളിലായി ഫൈസർ ബയോൺടെക് കമ്പനി 90 കോടി ഡോസ് വാക്‌സിനുകൾ ലഭ്യമാക്കുമെന്ന് ഉറപ്പു നൽകിയതായും യൂറോപ്യൻ കമ്മിഷൻ മേധാവി ഉർസുല ഫൺ ഡെർ ലെയ്ൻ പറഞ്ഞു. ഇതുവരെ 60 കോടി ഡോസ് ഫൈസർ വാക്സിനാണ് ലഭിച്ചിട്ടുള്ളത്. 45 കോടി ജനങ്ങൾക്ക് ഇതുകൊണ്ട് പ്രയോജനമുണ്ടാകും. കൂടുതൽ വാക്സിൻ ലഭ്യമാകുന്നതുവഴി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ 18 വയസ്സിന് മുകളിലുള്ളവർക്കുപുറമേ ദരിദ്രരാജ്യങ്ങളിലെ ജനങ്ങൾക്ക് ചെറിയൊരളവുവരെയും വാക്സിൻ നൽകാൻ സാധിക്കുമെന്ന് ഉർസുല വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജനസംഖ്യയുടെ നാലിലൊന്ന് പേർക്കാണ് ഇതുവരെ ആദ്യഡോസ് വാക്സിൻ ലഭിച്ചത്. ജൂലായ് അവസാനത്തോടെ പ്രായമായ 70 ശതമാനം പേർക്കും പൂർണമായി പ്രതിരോധകുത്തിവെപ്പ്‌ നൽകാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ യൂണിയൻ.