വാഷിങ്ടൺ: കോവിഡ് രോഗവ്യാപനമുണ്ടാക്കിയ പ്രതിസന്ധികൾക്കിടയിലും കയറ്റുമതിയിൽ വൻ നേട്ടമുണ്ടാക്കി ചൈന. കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിലിൽ 32 ശതമാനം വർധനയാണ് കയറ്റുമതിയിൽ ചൈന കൈവരിച്ചത്. ഇറക്കുമതി 43 ശതമാനം വർധിച്ച് കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

യു.എസ്. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വാണിജ്യശക്തികളുമായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചൈനീസ് കയറ്റുമതി ഇറക്കുമതിയെക്കാൾ 3.14 ലക്ഷം കോടി രൂപ(43 ബില്യൺ ഡോളർ) കൂടുതലാണ്.

പ്രതിസന്ധികളിൽനിന്ന്‌ അമേരിക്ക കരകയറിത്തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായ രോഗവ്യാപനം നേരിട്ട ഇന്ത്യയിൽ കയറ്റുമതി മേഖല തകർന്നു. പ്രതിസന്ധി ശക്തമായതോടെ ഇന്ത്യയിലെ ഫാക്ടറികളിൽ ഉത്പാദനം നിലച്ചതും ചൈനയ്ക്ക് നേട്ടമായതായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.