ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഡൗണിങ് സ്ട്രീറ്റ് പാർട്ടി വിവാദത്തിൽ ക്ഷമ പറഞ്ഞു. കഴിഞ്ഞവർഷം ക്രിസ്മസിന് കോവിഡ് ലോക്ഡൗൺ സമയത്ത് ഡൗണിങ്‌ സ്ട്രീറ്റിൽ ഒരു ഒത്തുചേരൽ നടന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ജീവനക്കാർ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന വീഡിയോ പ്രശ്നമായതിനെത്തുടർന്നാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

കോവിഡ് തരംഗത്തിൽ ബ്രിട്ടൻ കർശന ലോക്ഡൗൺ നിയമങ്ങൾ ഏർപ്പെടുത്തിയ സമയത്ത് നിയമങ്ങൾ ലംഘിച്ചു കൊണ്ട് പാർട്ടി നടന്നിട്ടില്ല. അഥവാ അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കും. ക്ലിപ്പ് കണ്ടപ്പോൾ ദേഷ്യം തോന്നിയെന്നും മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നതുമുതൽ നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു പാർട്ടി ഉണ്ടായിട്ടില്ലെന്ന് തനിക്ക് ആവർത്തിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.