വാഷിങ്ടൺ: ഉക്രൈൻ അധിനിവേശത്തിന് ശ്രമിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിന് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ഇരുവരും നടത്തിയ വീഡിയോ സംഭാഷണത്തിലായിരുന്നു ഈ അറിയിപ്പ്.

90,000-ത്തിലധികം റഷ്യൻ സൈനികർ ഉക്രൈനിന്റെ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ നീക്കത്തെത്തുടർന്ന് റഷ്യയും യു.എസും തമ്മിലുള്ള ബന്ധം ഇതിനകംതന്നെ മോശമായിട്ടുണ്ട്.

ഉക്രൈൻ ആക്രമണം നടന്നാൽ റഷ്യക്കുമേൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തും. ഉക്രൈൻ മേഖലയിലെ നാറ്റോ സഖ്യകക്ഷികൾ അധിക സൈനിക വിന്യാസത്തിന് നടപടിയെടുക്കും. ഉക്രെയിനിനുള്ള പ്രതിരോധ ഉപകരണങ്ങൾ നൽകുന്നതടക്കമുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രതിരോധ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ അറിയിച്ചു.

അധിനിവേശമുണ്ടായാൽ റഷ്യയിലേക്കുള്ള വാതക പൈപ്പ് ലൈൻ അടച്ചുപൂട്ടാൻ യു.എസ്. ഉദ്യോഗസ്ഥർ ജർമനിയുമായി ധാരണയിലെത്തിയതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.