ലണ്ടൻ: ഫെയ്‌സ്ബുക്കിനെതിരേ 15,000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോഹിംഗ്യൻ അഭയാർഥികൾ കേസ് നൽകി. മ്യാൻമാറിൽ ഫെയ്‌സ്ബുക്കിന്റെ വരവ് വിദ്വേഷപ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ സഹായിച്ചെന്നും അക്രമത്തിന് പ്രേരണനൽകിയെന്നും ആരോപിച്ച് കാലിഫോർണിയയിലെ അഭിഭാഷകരാണ് കേസ് ഫയൽ ചെയ്തത്. റോഹിംഗ്യൻ അഭയാർഥികൾക്കുവേണ്ടി ബ്രിട്ടനിലെ ഒരു നിയമസ്ഥാപനവും ഫെയ്‌സ്ബുക്കിന് നോട്ടീസയച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ അൽഗൊരിതം റോഹിംഗ്യകൾക്കെതിരായ വിദ്വേഷപ്രസംഗത്തെ വർധിപ്പിച്ചെന്നും കൂടുതൽ പ്രചരിപ്പിച്ചെന്നും ഫെയ്‌സ്ബുക്ക് വിദ്വേഷ പ്രചാരണത്തിന് മൗനാനുവാദം നൽകിയെന്നും പരാതിയിൽ പറയുന്നു. വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നിർവചിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ഫെയ്‌സ്ബുക്ക് ആഭ്യന്തര രേഖകളിലും പരാമർശമുണ്ട്.

മ്യാൻമാറിൽ റോഹിംഗ്യൻ മുസ്‌ലിങ്ങൾക്കെതിരേ നടന്ന വംശീയ അതിക്രമത്തിൽ നിരവധിപ്പേർ കൊല്ലപ്പെടുകയും ഏഴുലക്ഷത്തിലേറെപ്പേർ രാജ്യം വിടുകയും ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018-ൽ, റോഹിംഗ്യകൾക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധരും വിദ്വേഷപ്രസംഗം പ്രചരിപ്പിക്കുന്നതിൽ ഫെയ്‌സ്ബുക്കിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. 2011-ലാണ് ഫെയ്സ്ബുക്ക് മ്യാൻമാറിലെത്തിയത്.