നയ്‌പിഡോ: മ്യാൻമാർ സൈന്യത്തിന്റെ ആക്രമണത്തിൽ പതിനൊന്നുപേർ വെന്തുമരിച്ചു. സാഗയിങ്‌ മേഖലയിലാണ് ചൊവ്വാഴ്ച കൂട്ടക്കൊല നടന്നത്.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സൈന്യത്തെ എതിർക്കുന്ന പ്രാദേശിക പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സിൽ (പി.ഡി.എഫ്.) പെട്ടവരാണ്. കഴിഞ്ഞ ദിവസം രാത്രി പി.ഡി.എഫ്. പോരാളികൾ സൈനികർക്കെതിരേ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമാണ് ഈ ആക്രമണമെന്ന് കരുതപ്പെടുന്നു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പട്ടാളഭരണകൂടം പുറത്താക്കിയതുമുതൽ മ്യാൻമാറിൽ പ്രക്ഷുബ്ധാവസ്ഥ തുടരുകയാണ്. 54 ദശലക്ഷം ആളുകളുള്ള രാജ്യത്ത് ഭക്ഷ്യക്ഷാമത്തിനും കൊറോണ വൈറസ് മഹാമാരിക്കുമിടയിൽ ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ടുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.