ബെർലിൻ: 16 വർഷം ജർമൻ ചാൻസലറുടെ പദവി അലങ്കരിച്ച ആംഗേല മെർക്കൽ ബുധനാഴ്ച സ്ഥാനമൊഴിയും. പിൻഗാമിയായി ഒലാഫ് ഷോൾസ് അധികാരമേൽക്കും.

2005 നവംബർ 22-നാണ് മെർക്കൽ ജർമനിയുടെ ആദ്യ വനിതാ ചാൻസലറായി സ്ഥാനമേൽക്കുന്നത്. ആഗോള സാന്പത്തികപ്രതിസന്ധി, യൂറോപ്പിലെ കടപ്പെരുപ്പം, 2015-’16 കാലത്തെ അഭയാർഥിപ്രവാഹം, കോവിഡ് വ്യാപനം ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധിഘട്ടത്തിലൂടെ ഇക്കാലത്ത് ജർമനി കടന്നുപോയി.

നാലു യു.എസ്. പ്രസിഡന്റുമാർക്കും അഞ്ചു ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്കും നാലു ഫ്രഞ്ച് പ്രസിഡന്റുമാർക്കും എട്ടു ഇറ്റാലിയൻ പ്രധാനമന്ത്രിമാർക്കും ഒപ്പം അവർ പ്രവർത്തിച്ചു.

ക്രിമിയ പിടിച്ചെടുത്തതിന് റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനുപിന്നിൽ ചാലകശക്തിയായി പ്രവർത്തിച്ചതും മെർക്കലായിരുന്നു. ഫോർബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവുംശക്തയായ സ്ത്രീയായി മെർക്കൽ കഴിഞ്ഞ പത്തുവർഷവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തൊഴിലില്ലായ്മ കുറവുള്ള, മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള രാജ്യമായി ജർമനിയെ മാറ്റിയശേഷമാണ് മെർക്കൽ വിടവാങ്ങുന്നത്. എന്നാൽ, കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും കാലാവസ്ഥാവ്യതിയാനത്തിനെതിരായ നടപടികളിലെ മെല്ലപ്പോക്കും വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്.

എന്നാൽ, അവരുടെ ജനപിന്തുണയിൽ കുറവുവന്നിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനമെടുത്തിട്ടും മത്സരിച്ച സ്ഥാനാർഥികളെക്കാൾ ജനപ്രീതി മെർക്കലിനുണ്ടെന്ന സർവേഫലങ്ങൾ ഇതിനുദാഹരണമാണ്.