ധാക്ക: രണ്ടുദിവസത്തേക്ക് ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യസെക്രട്ടറി ഹർഷ് വർധൻ ശൃംഗ്‌ല ചൊവ്വാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൾ മോമനെ സന്ദർശിച്ചു. കോവിഡ് മഹാമാരി കൈകാര്യംചെയ്യുന്നതിലെ സഹകരണം ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശാലമായ സഹകരണമാണ് ചർച്ചയിൽ വിഷയമായത്.

1971-ൽ പുതുതായി രൂപീകൃതമായ ബംഗ്ലാദേശിനെ ഇന്ത്യ അംഗീകരിച്ചതായി അടയാളപ്പെടുത്തുന്ന ‘മൈത്രി ദിവസ്’ ഇരുരാജ്യങ്ങളും സംയുക്തമായി തിങ്കളാഴ്ച ആഘോഷിച്ചിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 50 വർഷം തികയുന്ന ഈ വർഷത്തിൽ എല്ലാ മേഖലകളിലെയും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും ചർച്ചയിൽ വിഷയമായി.

ബുധനാഴ്ച ശൃംഗ്‌ല പ്രധാനമന്ത്രി ശൈഖ്‌ ഹസീനയെ സന്ദർശിക്കും. റോഡ് ഗതാഗതമന്ത്രിയും ഭരണകക്ഷിയായ അവാമി ലീഗ് ജനറൽ സെക്രട്ടറിയുമായ ഒബൈദുൽ ക്വാദറുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശ് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വിപുലമായ സഹകരണം ഉറപ്പാക്കാൻ അവസരമൊരുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ന്യൂഡൽഹിയിൽ പ്രസ്താവനയിൽ പറഞ്ഞു.