ദുബായ്: യു.എ.ഇ.യുടെ അമ്പതാമത് ദേശീയദിനത്തോടനുബന്ധിച്ച് പുതിയ 50 ദിർഹം നോട്ട് സർക്കാർ പുറത്തിറക്കി. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും മുൻകാല ഭരണാധികാരികൾക്കുമുള്ള ആദരവിന്റെ ഭാഗമായാണ് നോട്ട് പുറത്തിറക്കിയത്.

ആദ്യമായി പോളിമർ ഉപയോഗിച്ച് നിർമിച്ചതാണ് പുതിയ നോട്ട്. പോളിമർ പുനരുപയോഗിക്കാൻ കഴിയുമെന്നതിനാൽ കാർബൺ കുറയ്ക്കാനാവും. നോട്ടിന്റെ വലതുവശത്ത് ശൈഖ് സായിദിന്റെ വലിയ ചിത്രവും യൂണിയനായശേഷം വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ദേശീയപതാകയ്ക്കുകീഴിൽ നിൽക്കുന്ന ചിത്രവുമാണുള്ളത്. രക്തസാക്ഷിസ്മാരകമായ വാഹത് അൽ കറാമയുടെ ചിത്രം ഇടതുവശത്തായി പതിച്ചിട്ടുണ്ട്. നോട്ടിന്റെ മറുഭാഗത്ത് ശൈഖ് സായിദിന്റെ ചിത്രവും യു.എ.ഇ. രൂപവത്കരണത്തിന് സാക്ഷിയായ ഇത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവുമുണ്ട്. ഇവിടെയാണ് ആദ്യമായി യു.എ.ഇ.യുടെ ദേശീയപതാക ഉയർന്നത്.

പുതിയ നോട്ടുകൾ ഉടൻതന്നെ ബാങ്ക് എ.ടി.എമ്മുകളിലൂടെ ലഭ്യമാകും. കാഴ്ചപരിമിതർക്ക് പുതിയ നോട്ടിന്റെ മൂല്യം തിരിച്ചറിയുന്നതിനായി ബ്രെയിൻ ലിപി ചിഹ്നങ്ങൾ സെൻട്രൽ ബാങ്ക് ചേർത്തിട്ടുണ്ട്. കൂടാതെ, കള്ളപ്പണത്തെ തടയാനുള്ള സുരക്ഷാസംവിധാനങ്ങളുമുണ്ട്. നിലവിലുള്ള 50 ദിർഹം നോട്ട് തുടർന്നും ഉപയോഗത്തിലുണ്ടാകും.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.