ധാക്ക: സ്വാതന്ത്ര്യത്തിന്റെ അമ്പതാംവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സൈനികർക്കായി യുദ്ധസ്മാരകം പണിയാനൊരുങ്ങി ബംഗ്ലാദേശ്. 1971-ലെ വിമോചനയുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായാണ് സ്മാരകം നിർമിക്കുന്നതെന്ന് മന്ത്രി മൊസമ്മെൽ ഹക്ക് വ്യാഴാഴ്ച പറഞ്ഞു.

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ റിവ ഗാംഗുലി ദാസിന്റെ വിടവാങ്ങൽ ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വിമോചന യുദ്ധത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഹിന്ദിയിൽ വിവർത്തനം ചെയ്യാൻ മുൻകൈയെടുക്കണമെന്ന് ദാസ് മന്ത്രിയോട് അഭ്യർഥിച്ചു. 2021-ൽ നടക്കുന്ന ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുമെന്നും അവർ പറഞ്ഞു.

അഗർത്തല അതിർത്തിയിലുള്ള ബ്രഹ്മൻബയ ജില്ലയിലെ അഷുഗഞ്ചിൽ 3.5 ഏക്കർ സ്ഥലം സർക്കാർ സ്മാരകം പണിയാൻ തിരഞ്ഞെടുത്തതായി അധികൃതർ അറിയിച്ചു. ബംഗ്ലാദേശ് മോചനത്തിനായി 1971 മാർച്ചിൽ പാകിസ്താനുമായി ആരംഭിച്ച യുദ്ധം ഡിസംബറിലാണ് അവസാനിച്ചത്. യുദ്ധത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ സഹായിച്ചിരുന്നു. 30 ലക്ഷത്തോളം ആൾക്കാർ കൊല്ലപ്പെട്ടു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെയും സൈനിക ഉദ്യോഗസ്ഥരെയും മരണാനന്തരം ബംഗ്ലാദേശ് ആദരിച്ചിരുന്നു.