ഇസ്‌ലാമാബാദ്: ഭീകരപ്രവർത്തകരുടെ സാമ്പത്തികസ്രോതസ്സ് തടയുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സുമായി (എഫ്.എ.ടി.എഫ്.) ബന്ധപ്പെട്ട മൂന്നാമത്തെ ബില്ലിന് പാകിസ്താൻ പാർലമെൻറ്്‌ അംഗീകാരം നൽകി. പാർലമെന്റിൽ പ്രതിപക്ഷ കക്ഷികളായ പാകിസ്താൻ മുസ്‌ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.) എന്നിവരുമായി നടത്തിയ രണ്ടുദിവസത്തെ ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ച വൈകീട്ടാണ് ബില്ലുകൾ പാസാക്കിയത്.

കുറ്റവാളികളെ മറ്റു രാജ്യങ്ങളുമായി കൈമാറ്റംചെയ്യാൻ അനുവദിക്കുന്ന ബില്ലിന് “ദ മ്യൂചൽ ലീഗൽ അസിസ്റ്റൻസ് 2020” എന്നാണു പേരു നൽകിയിരിക്കുന്നത്. എഫ്.എ.ടി.എഫിന്റെ ചാരപ്പട്ടികയിൽനിന്നു വെള്ളപ്പട്ടികയിലേക്കു മാറുന്ന ശ്രമങ്ങളുടെ ഭാഗമായി നേരത്തേ രണ്ടു ബില്ലുകൾക്കു പാകിസ്താൻ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു.