വാഷിങ്ടൺ: ചൈനീസ് ടെക് കമ്പനികളോടുള്ള നിലപാട് കടുപ്പിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക്‌ടോക്, വീ ചാറ്റ് എന്നീ ആപ്പുകളുടെ ഉടമസ്ഥകമ്പനികളായ ബൈറ്റ്ഡാൻസ്, ടെൻസെന്റ് എന്നിവയുടെ യു.എസിലെ എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് നിർദേശിക്കുന്ന ഉത്തരവുകളിൽ ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി.

ചൈനീസ് നിർമിത മൊബൈൽ ആപ്പുകൾ യു.എസിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശകാര്യനയങ്ങൾക്കും സാമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. ടിക്ടോക് നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നടപടിയെക്കുറിച്ചും ട്രംപിന്റെ ഉത്തരവിൽ പരാമർശമുണ്ട്.

ഹോംലാൻഡ് സെക്യൂരിറ്റ് വകുപ്പ്, ഗതാഗത സുരക്ഷാവകുപ്പ്, യു.എസ്. സേന തുടങ്ങിയ വിഭാഗങ്ങളുടെ സർക്കാർ ഫോണുകളിൽ ടിക്‌ടോക് നേരത്തേത്തന്നെ നിരോധിച്ചിരുന്നെന്നും ഉത്തരവിൽ പറയുന്നു.

ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ചർച്ചകൾ പുരോഗമിച്ചുവരുകയാണെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഏറ്റെടുക്കൽ വ്യവസ്ഥകൾ സംബന്ധിച്ച് ട്രംപുമായും ബൈറ്റ്ഡാൻസുമായും ചർച്ച നടത്തിയതായും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു.

നിയമനടപടി സ്വീകരിക്കും-ടിക്‌ടോക്

യു.എസിന്റെ തീരുമാനത്തിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടിക്‌ടോക് പ്രതികരിച്ചു. ട്രംപിന്റെ ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും നിയമം നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ വഴികളും തേടുമെന്നും കമ്പനി പറഞ്ഞു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരുമായി ഒരിക്കലും പങ്കുവെച്ചിട്ടില്ല. യു.എസിലെ ഇടപാടുകൾ പൂർണമായും അമേരിക്കൻ കമ്പനികൾക്ക് വിൽക്കാൻ സന്നദ്ധരാണെന്നും ബൈറ്റ്ഡാൻസ് കമ്പനി പറഞ്ഞു.