വാഷിങ്ടൺ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിൽ അയവുവരുത്തി യു.എസ്. സർക്കാർ. കോവിഡ് തീവ്രതയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ നാലുതട്ടായി തിരിച്ചാണ് പുതിയ മാർഗനിർദേശങ്ങളിറക്കിയത്. ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള യാത്രാവിലക്ക് തുടരും. യാത്രാനുമതിയില്ലാത്ത നാലാമത്തെ തട്ടിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യസുരക്ഷാസ്ഥിതി ചിലരാജ്യങ്ങളിൽ മെച്ചപ്പെടുകയും ചിലയിടങ്ങളിൽ മോശമാകുകയുംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ പ്രത്യേകം തട്ടുകളായി തിരിച്ച് യാത്രാനിർദേശങ്ങൾ നൽകിയിരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇന്ത്യയിലേക്ക് യാത്രചെയ്യുകയാണെങ്കിൽ അതിർത്തി അടയ്ക്കൽ, വിമാനത്താവളം അടയ്ക്കൽ, യാത്രാവിലക്ക്, വീട്ടിലിരിക്കാനുള്ള ഉത്തരവ്, അടച്ചിടൽ തുടങ്ങിയ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാമെന്നും അറിയിപ്പിൽപറയുന്നു. ജനങ്ങൾക്ക് ഓരോ രാജ്യത്തെയും സ്ഥിതി മനസ്സിലാക്കാൻ മാർഗനിർദേശങ്ങൾ സഹായിക്കുമെന്നും അറിയിപ്പിൽ പറയുന്നു.