ദുബായ്: ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഏഴു കോടിയിലേറെ രൂപ (10 ലക്ഷം യു.എസ്. ഡോളർ) കൊച്ചി സ്വദേശി ജോർജ് തോമസിന് (43). ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ജോർജ് തോമസ്. കോടികളുടെ ഭാഗ്യമടിച്ച വിവരം നറുക്കെടുപ്പ് നടന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചുതന്നെയാണ് ജോർജ് അറിയുന്നത്. 355-ാം നറുക്കെടുപ്പിൽ 2016 എന്ന ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞ ആറു വർഷമായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴു വർഷമായി ഷാർജയിലാണ് ജോർജിന്റെ താമസം. മൂന്ന് കുട്ടികളുടെ പിതാവാണ്. അടുത്തിടെയാണ് കുടുംബത്തെ നാട്ടിലേക്കയച്ചത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യൻ പ്ലസ് ടു വിദ്യാർഥി ആര്യൻ രവീന്ദ്ര ഷേണായി (17), ദീപക് ശർമ രഘുനാഥ് (44) എന്നിവർക്ക് മോട്ടോർ ബൈക്കുകൾ സമ്മാനം ലഭിച്ചു.