വാഷിങ്ടൺ: യു.എസിൽ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും ഏപ്രിൽ 19 മുതൽ കോവിഡ് വാക്സിൻ വിതരണംചെയ്യുമെന്ന് പ്രസിഡൻറ്‌്‌ ജോ ബൈഡൻ. മേയ് ഒന്നുമുതൽ എല്ലാ പൗരന്മാരെയും കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് യോഗ്യരാക്കാനായിരുന്നു ബൈഡൻ നേരത്തേ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഈ സമയപരിധിയാണ് ഇപ്പോൾ രണ്ടാഴ്ച നേരത്തേയാക്കിയത്.

ആശയക്കുഴപ്പമുണ്ടാക്കുന്ന യാതൊരു നിയന്ത്രണങ്ങളോ നിയമങ്ങളോ ഉണ്ടാവില്ലെന്നും ബൈഡൻ പറഞ്ഞു. ഏപ്രിൽ 19-ഓടെ എല്ലാ പൗരന്മാരും വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കാൻ യോഗ്യരാണ്. കോവിഡിനുനേരെ യുദ്ധകാലാടിസ്ഥാനത്തിലായിരിക്കണം പോരാട്ടം. അമേരിക്കക്കാർ ഇപ്പോഴും കോവിഡിനുനേരെ ജീവനും മരണത്തിനും ഇടയിലുള്ള പോരാട്ടത്തിലാണ്. നമുക്കിപ്പോഴും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. വൈറസിന്റെ പുതിയ വകഭേദങ്ങൾ വളരെ വേഗത്തിൽ വ്യാപിക്കുകയാണ്. മഹാമാരി അപകടകരമായിത്തന്നെ തുടരുന്നു. എന്നാൽ, പുതിയ വകഭേദങ്ങൾക്കെതിരേ ഇപ്പോഴുള്ള വാക്സിനുകൾ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

ബൈഡൻ അധികാരമേറ്റ് 75 ദിവസങ്ങൾകൊണ്ട് 15 കോടി പേർക്കാണ് രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കിയത്. നൂറുദിവസങ്ങൾക്കകം പത്തുകോടിപേർക്ക് വാക്സിൻ നൽകുമെന്ന പ്രഖ്യാപിതലക്ഷ്യം മാർച്ചിൽത്തന്നെ പൂർത്തിയായിരുന്നു. അതിനാൽ നൂറുദിവസത്തിനുള്ളിൽ 20 കോടി ആളുകൾക്ക് വാക്സിൻ നൽകുകയെന്നതാണ് ബൈഡന്റെ ഇപ്പോഴത്തെ ലക്ഷ്യം.

മേയ് ഒന്നിനകം ലക്ഷ്യത്തിലെത്താനാണ് നിർദേശം.