ബാഗ്‌ദാദ്: ചരിത്രപ്രാധാന്യമുള്ള ഇറാഖ് സന്ദർശനത്തിൽ മതഭീകരവാദത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘‘ശത്രുത, ഭീകരവാദം, അക്രമം എന്നിവ ഒരു മതഹൃദയത്തിലുണ്ടാകില്ല.’’ -പ്രാർഥനയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.

ഭീകരത മതത്തെ ചൂഷണം ചെയ്യുമ്പോൾ നിശ്ശബ്ദരായി ഇരിക്കാനാകില്ല. തെറ്റിദ്ധാരണകൾ തീർക്കാനാണ് ശ്രമിക്കുന്നതെന്നും വിദ്വേഷത്തിന്റെ മേഘങ്ങൾ കൊണ്ട് ദൈവരാജ്യത്തിൽനിന്നുള്ള വെളിച്ചം മറയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ് സന്ദർശനം തുടരുന്ന ഫ്രാൻസിസ് മാർപാപ്പ മുതിർന്ന ഷിയാ പണ്ഡിതൻ ആയത്തൊള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനും സിസ്താനിയുടെ ഓഫീസുമായി മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കൂടിക്കാഴ്ച സാധ്യമായത്.

ഇറാഖിലെ ക്രിസ്ത്യൻ ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ക്രിസ്ത്യാനികൾക്ക് എല്ലാ ഇറാഖികളെയുംപോലെ സമാധാനപരമായി ജീവിക്കാൻ കഴിയണമെന്ന് സിസ്താനി മാർപ്പാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. സിസ്താനിയുടെ സമാധാനസന്ദേശം മനുഷ്യജീവിതത്തിന്റെ പവിത്രതയും ഇറാഖ് ജനതയുടെ ഐക്യത്തിന്റെ പ്രധാന്യവും വ്യക്തമാക്കുന്നതായി വത്തിക്കാൻ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഷിയാ മുസ്‌ലിങ്ങൾ ആദരവോടെ കാണുന്ന മതപുരോഹിതനാണ് സിസ്താനി. ഇർബിലിൽ സംഘടിപ്പിക്കുന്ന പ്രാർഥനയിലും മാർപാപ്പ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മാർപാപ്പ ഇറാഖിലെത്തിയത്. ഒരു മാർപാപ്പ നടത്തുന്ന ആദ്യ ഇറാഖ് സന്ദർശനമാണിത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദീമി ഉൾപ്പെടെയുള്ളവർ മാർപാപ്പയെ സ്വീകരിക്കാനെത്തിയിരുന്നു.

വത്തിക്കാനും സിസ്താനിയുടെ ഓഫീസുമായി മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കൂടിക്കാഴ്ച സാധ്യമായത്. പുരാതന നഗരമായ ഉറിൽ മാർപാപ്പ സന്ദർശനം നടത്തി.