ഹോങ് കോങ്: രാജ്യസ്നേഹികൾക്കുമാത്രമേ ഹോങ് കോങ്ങിനെ ഭരിക്കാനാകൂവെന്ന് ചൈന. അവിടെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നതായി ചൈനീസ് പ്രധാനമന്ത്രി ലി കെഖിയാങ് പറഞ്ഞു. പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹോങ് കോങ്ങിന്റെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ ഇടപെടലുണ്ടാകുന്നതിനെ പ്രതിരോധിക്കുമെന്നും ലി പറഞ്ഞു. ബ്രിട്ടനുമായുണ്ടാക്കിയ ഒരു രാജ്യം രണ്ടു സംവിധാനം കരാറിൽനിന്ന് പിന്മാറാൻ ചൈന ലക്ഷ്യംവെക്കുന്നതായാണ് കരുതപ്പെടുന്നത്. ഇതിന്റെ ഭാഗമായി ചൈനീസ് അനുകൂല തിരഞ്ഞെടുപ്പ് സമിതിക്ക് ഹോങ് കോങ് പാർലമെന്റിനെക്കാൾ അധികാരം നൽകും.

ഹോങ് കോങ്ങിലുണ്ടായ ജനകീയ പ്രക്ഷോഭം തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ പഴുതുകളാണ് വെളിപ്പെടുത്തുന്നതെന്ന് കോൺഗ്രസ് വൈസ് ചെയർമാൻ വാങ് ചെൻ പറഞ്ഞു.