ലണ്ടൻ: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദങ്ങൾ കൂടുതൽ അപകടകാരിയാകാമെന്ന് കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ ഓക്സ്ഫഡ്/അസ്‌ട്രാസെനെക്ക. ഇപ്പോൾ വ്യാപിക്കുന്ന ഒമിക്രോൺ വകഭേദത്തിനെതിരേ നിലവിലെ വാക്സിനുകൾ ഫലപ്രദമല്ലെന്ന് ഓക്സ്‌ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിൻ വിഭാഗത്തിലെ പ്രൊഫ. സാറ ഗിൽബെർട്ട് പറഞ്ഞു.

മുൻ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണിലെ സ്പൈക്ക് പ്രോട്ടിനുകളെ പ്രതിരോധിക്കാനുള്ള വാക്സിനുകളുടെ പ്രതിരോധസംവിധാനം പൂർണമല്ല. എന്നാൽ, പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും മരണനിരക്ക് ഉയരില്ലെന്നും വൈറസ് അതിവേഗം വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബി.ബി.സി. സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ സാറ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം യു.കെയിൽ മാത്രം 246 കടന്നിട്ടുണ്ട്.