ലഹോർ: മതനിന്ദയാരോപിച്ച് പാകിസ്താനിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ശ്രീലങ്കൻ പൗരന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചു. വസ്ത്രഫാക്ടറി ജനറൽ മാനേജർ പ്രിയന്ത കുമാരയുടെ മൃതദേഹം ശ്രീലങ്കൻ ഹൈക്കമ്മിഷൻ അധികൃതർ ലഹോറിലെത്തി ഏറ്റുവാങ്ങുകയായിരുന്നു.

പഞ്ചാബിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ഇജാസ് അലാം വിമാനത്താവളത്തിൽവെച്ച് മൃതദേഹം കൈമാറി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ മൃതദേഹം കൊളംബോയിലേക്ക് കൊണ്ടുപോയി.

പഞ്ചാബ് പ്രവിശ്യയിൽ കുമാരയുടെ ഫാക്ടറികെട്ടിടത്തിൽ തീവ്ര മതസംഘടനയായ തെഹ്‌രീകെ ലബ്ബായിക് പാകിസ്താൻ (ടി.എൽ.പി.) പാർട്ടിയുടെ പോസ്റ്റർ പതിച്ചിരുന്നു. വെള്ളിയാഴ്ച പോസ്റ്റർ കുമാര പറിച്ചെടുത്ത് ചവറ്റുകുട്ടയിലിട്ടെന്ന വാർത്ത പരന്നതോടെ രോഷാകുലരായെത്തിയ ടി.എൽ.പി. പ്രവർത്തകർ അദ്ദേഹത്തെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.