ബെയ്ജിങ്: ദേശീയ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മതകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം. മതപരമായ വിഷയങ്ങളെക്കുറിച്ചു നടന്ന ദേശീയ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

മതകാര്യങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണെന്ന് ഉറപ്പുവരുത്തലാണ് നീക്കത്തിന്റെ കാതലൽ. വിശ്വാസികളിൽ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും ചൈനീസ് സംസ്കാരം വളർത്തിയെടുക്കുന്നിനുമുള്ള നടപടികൾ സ്വീകരിക്കണം. മതപരമായ പ്രവർത്തനങ്ങൾ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന പരിധിക്കുള്ളിൽ നടത്തണം. പൗരന്മാരുടെ ആരോഗ്യം നശിക്കാനോ പൊതുക്രമത്തെ തകർക്കുന്നതിനോ ഇതു കാരണമാകരുത്. വിദ്യാഭ്യാസ, നീതിന്യായ, ഭരണനിർവഹണങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണമെന്ന് ഷീ പറഞ്ഞു.

മതവിശ്വാസത്തിനുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന പാർട്ടിയുടെ നയം നടപ്പാക്കും. പാർട്ടിയെയും സർക്കാരിനെയും വിശ്വാസികളുമായി ബന്ധിപ്പിക്കുന്ന പാലമായി മതസംഘടനകൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ മതവിശ്വാസങ്ങൾ അടിച്ചമർത്തുന്നതായുള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സമ്മേളനം വിളിച്ചുചേർത്തത്.

2019-ൽ ഔദ്യോഗികമായി പുറത്തിറക്കിയ ധവളപത്രം പ്രകാരം രാജ്യത്തു 20 കോടി വിശ്വാസികളാണുള്ളത്. ഭൂരിഭാഗവും തിബറ്റൻ ബുദ്ധമതവിശ്വാസികളാണ്. ബാക്കിയുള്ളവരിൽ രണ്ടു കോടിപേർ മുസ്‌ലിങ്ങളാണ്. 3.8 കോടിപേർ പ്രൊട്ടസ്റ്റൻറുകാരും 60 ലക്ഷം പേർ ക്രൈസ്തവ മതവിശ്വാസികളുമാണ്.