ജക്കാർത്ത: ഇൻഡൊനീഷ്യയിലെ ജാവ ദ്വീപിലുള്ള സെമെറു അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15 ആയി. 27 പേരെ കാണാതായി. 56 പേർ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.

ശനിയാഴ്ചയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച 13 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംബർവുലുഹ് ഗ്രാമത്തിൽനിന്ന് കണ്ടെടുത്തു.

അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ലുമാജാങ് ജില്ലയിലെ 11 ഗ്രാമങ്ങളിൽ ചാരവും പുകയും നിറഞ്ഞു. ഈ മേഖലയിൽനിന്ന് ഇതുവരെ 1700 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

2020 ഡിസംബറിലാണ് സെമെറു ഒടുവിൽ പൊട്ടിത്തെറിച്ചത്. ആയിരക്കണക്കിനുപേരെ അന്ന് ഒഴിപ്പിച്ചിരുന്നു.