ദുബായ്: നയതന്ത്ര ദൗത്യങ്ങളുടെയും വ്യവസായ പങ്കാളിത്തത്തിന്റെയും കാര്യക്ഷമത ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ദുബായ് കസ്റ്റംസും ഇന്ത്യയും സഹകരണം ശക്തമാക്കുന്നു. ഇന്ത്യൻ ബിസിനസ്, ട്രേഡ് പ്രതിനിധിസംഘം ദുബായ് കസ്റ്റംസുമായി നടത്തിയ യോഗത്തിന്റെ ഭാഗമായുള്ള എർടിബാത് ഇനിഷ്യേറ്റീവ് പ്രകാരമാണിത്. ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്ട് കസ്റ്റംസ് ആൻഡ്‌ ഫ്രീസോൺ കോർപ്പറേഷൻ സി.ഇ.ഒ.യുമായ അഹമ്മദ് മഹ്ബൂബ് മൂസാബിയും യു.എ.ഇ. ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമാൻ പുരിയും യോഗത്തിന് നേതൃത്വം നൽകി.

ഇരു വിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത ദുബായ് കസ്റ്റംസിന് നന്ദിയറിയിക്കുന്നതായി അമാൻ പുരി പറഞ്ഞു. ഇന്ത്യയിലും യു.എ.ഇ.യിലും നിക്ഷേപസാധ്യതകൾ ഉയർത്താൻ ഇത് സഹായിക്കും. കോവിഡാനന്തരം ഇരു രാജ്യങ്ങളിലെയും വാണിജ്യ വ്യവസായമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. വിവിധമേഖലകളിലെ യോജിച്ചുള്ള പ്രവർത്തനങ്ങൾ ഇത് ശക്തിപ്പെടുത്തും. ഇതിലൂടെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ചരക്കുവ്യാപാരം 100 ബില്യൺ യു.എസ്. ഡോളറായും (7.5 ലക്ഷം കോടി രൂപ) സേവനങ്ങൾ 15 ബില്യൺ യു.എസ്. ഡോളറായും (1.1 ലക്ഷം കോടി രൂപ) ഉയർത്താൻ കഴിയുമെന്നും പുരി പറഞ്ഞു.