റിയാദ്: റംസാനിലെ ഉംറ നിർവഹിക്കാൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രണ്ട് ഡോസും സ്വീകരിച്ച തീർഥാടകർ, മക്ക മദീന സന്ദർശനത്തിന് 14 ദിവസം മുമ്പെങ്കിലും വാക്സിൻ ആദ്യ ഡോസ് എടുത്തവർ, കോവിഡ് ബാധിച്ച് രോഗമുക്തി നേടിയശേഷം 14 ദിവസം പിന്നിട്ടവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കാണ് പ്രവേശന അനുമതിയുള്ളത്. ഇവർ സൗദിയുടെ കോവിഡ് ആപ്പായ തവൽക്കന ആപ്പിലും ഉംറ ആപ്പായ ഇഅതമർനാ ആപ്പിലും രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. ഇതിലൂടെ റംസാൻ ആദ്യദിനം മുതൽ ഉംറയ്ക്കും ഗ്രാൻഡ് മോസ്ക് സന്ദർശിക്കാനും അനുമതിയുണ്ടാകും. കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഉംറ നിർവഹിക്കാൻ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമില്ലെന്നായിരുന്നു അധികൃതർ നേരത്തേ അറിയിച്ചിരുന്നത്.

തീർഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് കഴിഞ്ഞ വർഷമാണ് തവക്കൽന ആപ്പ് തുടങ്ങിയത്. തവക്കൽന ആപ്പിലെ വിവരങ്ങൾക്കനുസരിച്ചായിരിക്കും തീർഥാടകർക്കും സന്ദർശകർക്കും പ്രവേശനം നൽകുക. റംസാന് അനുബന്ധിച്ച് 10,000 ഗ്രാൻഡ് മോസ്‌ക് ജീവനക്കാർക്ക് ഇതിനകം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഉംറ നിർഹിക്കാനെത്തുന്നവരുടെ എണ്ണത്തിൽ അധികൃതർ വർധന വരുത്തിയിട്ടുണ്ട്.