ആഡിസ് അബാബ: വടക്കൻ എതോപ്യയിൽ ആഭ്യന്തരയുദ്ധത്തിനിടെ 5600-ലധികം ടൈഗ്രേ വിമതരെ വധിച്ചെന്ന് സൈന്യത്തിന്റെ വെളിപ്പെടുത്തൽ. 2300 വിമതർക്ക് പരിക്കേറ്റു. 2000-ത്തോളം പേരെ അറസ്റ്റുചെയ്തിട്ടുമുണ്ടെന്ന് സൈനികമേധാവി ജനറൽ ബാച്ച ഡിബെലെ അവകാശപ്പെട്ടു.

2020 നവംബർമുതൽ സംഘർഷം രൂക്ഷമായ രാജ്യത്ത് വിമതരെ എപ്പോഴൊക്കെയാണ് വധിച്ചതെന്നകാര്യം സൈന്യം വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി അബി അഹമ്മദും രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടിയായ ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടി.പി.എൽ.എഫ്.) നേതാക്കളും തമ്മിലുള്ള കുടിപ്പകയാണ് രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ടത്.

രാജ്യത്തെ വിഭജിക്കാനാണ് ടൈഗ്രേ ശ്രമിക്കുന്നതെന്നും അതിർത്തിപട്ടണമായ ഹുമേരയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുത്തിയെന്നും ഡിബെലെ പറഞ്ഞു. സംഘർഷത്തിൽ ഇതുവരെ ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പത്തുലക്ഷത്തിലേറെപ്പേർ പലായനം ചെയ്തു.