ദുബായ്: യു.എ.ഇ.യിലേക്കുള്ള പ്രവേശനവിലക്ക് ഇനിയെന്ന് ഒഴിയുമെന്ന ആശങ്കയിലാണ് നാട്ടിൽ കുടുങ്ങിയിരിക്കുന്ന ഒട്ടേറെപ്രവാസികൾ. യു.എ.ഇ.യിലെയും സ്ഥിതിവ്യത്യസ്തമല്ല. നിലവിൽ യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്. എന്നാൽ പെരുന്നാളിനോട് അനുബന്ധിച്ച് നാട്ടിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന പല കുടുംബങ്ങളും യാത്ര റദ്ദാക്കി. തിരിച്ചുവരവിലുള്ള പ്രതിസന്ധിയാണ് പലരെയും വലച്ചിരിക്കുന്നത്. സന്ദർശകവിസയിൽ യു.എ.ഇ.യിലുള്ളവരാണ് വിസ കഴിഞ്ഞെന്നുള്ള കാരണത്താൽ നാട്ടിലേക്ക് പറക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ യു.എ.ഇ.യിൽനിന്ന് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് കുത്തനെ കുറഞ്ഞിട്ടുപോലും അധികമാരും പോകാൻ തയ്യാറല്ല. വിശേഷാവസരങ്ങളിൽ കുതിക്കാറുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ 1000 ആയിരത്തിന് താഴെ മാത്രം.

നേരത്തെതന്നെ അവധിക്ക് പോയവരുടെ കാര്യത്തിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്. കൂടാതെ സന്ദർശക വിസയ്ക്ക് തയ്യാറെടുപ്പുകൾ നടത്തിയവരും പുതിയ ജോലിക്ക് വിസ ലഭിച്ചിരിക്കുന്നവരും വിസാ കാലാവധി തീർന്നവരും അടിയന്തരാവശ്യങ്ങൾക്ക് എത്തിയവരും ഉൾപ്പെടെ കടുത്തമാനസിക സമ്മർദത്തിലാണ്. യു.എ.ഇ.യിൽ തിരിച്ചെത്താൻ വൈകിയാൽ വിസാ കാലാവധി തീരുന്നവരുമുണ്ട്. മുൻപ് ലഭിച്ചിരുന്നതുപോലെ ഇവരുടെ കാര്യത്തിൽ യു.എ.ഇ. അധികൃതർ ഇളവ് നൽകുമെന്നാണ് പ്രതീക്ഷ.

വലിയ സാമ്പത്തികനഷ്ടമാണ് പലർക്കുമുണ്ടായത്. യാത്ര മുടങ്ങിയവർ എയർലൈനുകളുമായി ബന്ധപ്പെട്ട് തീയതി മാറ്റിയെടുക്കുകയോ റീഫണ്ട് സംവിധാനങ്ങളുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുകയോ വേണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്. വിലക്ക് നീണ്ടുപോയാൽ തൊഴിലിന് പോലും ഭീഷണിയുള്ളവരുണ്ട്. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയിലാണ്. കേസുകളുടെ എണ്ണം കുറയാതെ യു.എ.ഇ.യിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള യാത്രാവിലക്ക് പിൻവലിക്കാൻ സാധ്യതയില്ല. മേയ് 14 ഓടെ യു.എ.ഇ. യാത്രാവിലക്ക് പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏറെപ്പേരും. എന്നാൽ അപ്രതീക്ഷിതമായായിരുന്നു യു.എ.ഇ.യുടെ അനിശ്ചിതകാല യാത്രാവിലക്കെന്ന തീരുമാനം. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് യു.എ.ഇ. വിലക്ക് ഏർപ്പെടുത്തിയത്.

മറ്റ് രാജ്യങ്ങൾവഴി യു.എ.ഇ.യിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യക്ക് പുറത്ത് രണ്ടാഴ്ച ക്വാറന്റീൻ പൂർത്തിയാക്കണം. ഗൾഫിലേക്ക് കടക്കുക എന്ന ഉദ്ദേശത്തോടെ വരുന്നവരെ സ്വീകരിക്കില്ലെന്ന് നേപ്പാൾ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ അറിയിച്ചുകഴിഞ്ഞു. മേയ് ആറ് അർധരാത്രി മുതൽ നേപ്പാളിലെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളം താത്‌കാലികമായി അടച്ചിടും. ഇത് സംബന്ധിച്ച് യു.എ.ഇ.യിലെ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാമെന്ന പ്രതീക്ഷയിൽ അവിടെയെത്തി കുടുങ്ങിപ്പോയവരുമുണ്ട്. ശ്രീലങ്ക, ബഹ്‌റൈൻ, അർമേനിയ എന്നീ രാജ്യങ്ങൾവഴി യു.എ.ഇ.യിലേക്ക് കടക്കാൻ പ്രവാസികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള വിമാനടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്.

അതേസമയം യു.എ.ഇ. പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ, വ്യവസായികൾ എന്നിവർക്ക് കോവിഡ് മാനദണ്ഡങ്ങളോടെ യു.എ.ഇ.യിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനം കുറവുള്ള ഗ്രീൻ പട്ടികയുള്ള രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയവർക്കും കോവിഡ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യു.എ.ഇ.യിലേക്ക് വരാം.

നിലവിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തുന്ന നാലാമത് ഗൾഫ് രാജ്യമാണ് യു.എ.ഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണ് വിലക്കുള്ള മറ്റ് രാജ്യങ്ങൾ.