ലണ്ടൻ: ജി-7 യോഗത്തിൽ പങ്കെടുക്കാനായി ബ്രിട്ടനിലെത്തിയ ഇന്ത്യൻ പ്രതിനിധിസംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് സംഘത്തിലെ മറ്റുപ്രതിനിധികൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇനി വെർച്വലായിട്ടാകും ഇന്ത്യൻ സംഘം യോഗത്തിൽ പങ്കെടുക്കുക.

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് രോഗബാധയില്ല. തിങ്കളാഴ്ച ലണ്ടനിലെത്തിയ ജയ്ശങ്കർ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. വ്യാഴാഴ്ച ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ഡൊമിനിക് റാബുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രതിനിധികൾക്ക് കോവിഡ്‌ ബാധ സ്ഥിരീകരിച്ചത്.

നാലുദിവസങ്ങളിലായാണ് ജി-7 രാജ്യങ്ങളിലെ വികസന-വിദേശകാര്യ രാജ്യങ്ങളുടെ യോഗം നടക്കുക. ജി 7 സംഘത്തിൽ ഇന്ത്യ അംഗങ്ങളല്ലെങ്കിലും അതിഥികളായാണ് പ്രതിനിധികൾ യോഗത്തിനെത്തിയത്. ബ്രിട്ടൻ നിലവിൽ സഞ്ചാരം വിലക്കിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെങ്കിലും നയതന്ത്രപ്രതിനിധികൾക്ക് നിയന്ത്രണം ബാധകമല്ല.